Wednesday, January 03, 2007

സദ്ദാം വധം - ആസൂത്രിതമായ ഒരു നാടകം?

സദ്ദാം ഹുസ്സൈന്‍ എന്റെ കണ്ണില്‍ ഒരു ആരാദ്ധ്യപുരുഷനല്ല എന്ന് ആദ്യമേ പറഞ്ഞുവെയ്ക്കട്ടെ. ഒരു വിശാലമായ അര്‍ഥത്തില്‍ പറഞ്ഞാല്‍ എടുത്തുചാട്ടവും ദീര്‍ഘവീക്ഷണമില്ലായ്മയും കൊണ്ട്‌ സ്വന്തം ശവക്കുഴി തോണ്ടിയ ഒരു ഭരണാധികാരി എന്നു പറയാം. താന്‍പോരിമയും മുഷ്കും ആയുധമാക്കി, സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ക്രൂരതയുടെ ഏതറ്റവും വരെ പോകാന്‍ അദ്ദേഹം തയ്യാറായി. ആത്യന്തികമായി അതദ്ദേഹത്തിന്റെ സര്‍വ്വനാശത്തില്‍ കലാശിക്കുകയും ചെയ്തു. വാളെടുത്തവന്‍ വാളാലേ എന്നുണ്ടല്ലോ? പക്ഷേ സദ്ദാം ഹുസ്സൈന്‍ ഒരു ഭീരുവായിരുന്നില്ല. അല്ലെങ്കില്‍ ചരിത്രത്തില്‍ ഒരു ഭീരുവായി അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. അമേരിക്കന്‍ ആക്രമണത്തില്‍ പരാജയപ്പെട്ട്‌ ഒളിത്താവളത്തിലേക്ക്‌ പാലായനം ചെയ്യും മുന്നേ സദ്ദാം പറഞ്ഞിരുന്നു; ആത്മഹത്യ ചെയ്യാന്‍ താന്‍ ഒരുക്കമല്ല എന്ന്. മരിക്കുന്നെങ്കില്‍ അതു പൊരുതിക്കൊണ്ടായിരിക്കും, ചരിത്രം സദ്ദാം ഒരു ഭീരുവാണെന്ന് ഒരിക്കലും പറയില്ല എന്നും. കോടതിയിലായാലും ഒടുവില്‍ മരണത്തിന്റെ ചതിവാതിലിനു മുകളിലും ചങ്കുറപ്പ്‌ എന്താണെന്ന് ആ മനുഷ്യന്‍ ലോകത്തിന്‌ മുന്നില്‍ കാണിച്ചുകൊടുത്തു. ആ ഒരു വിട്ടുവീഴ്ചയില്ലാത്ത ധീരതയ്ക്ക്‌ ഇറാഖി ജനത കൊടുക്കേണ്ടിവന്ന വില കനത്തതായിപ്പോയെങ്കിലും. ദുര്‍ബലന്‌ മാപ്പും സമനോട്‌ യുദ്ധവും ബലവാനോട്‌ അനുരഞ്ജനവും എന്ന രാഷ്ട്രബലതന്ത്രം അദ്ദേഹത്തിനറിയാഞ്ഞിട്ടായിരിക്കില്ല. വിദ്യാഭ്യാസ രംഗത്തെയും രാഷ്ട്രീയ സാമ്പത്തികശാസ്ത്ര വിഭാഗത്തെയുമൊക്കെ അതിജീവിച്ച്‌ പുസ്തകങ്ങള്‍ തന്നെ എഴുതിയ, നിയമബിരുധധാരിയായ ഒരു മനുഷ്യന്‌ ഇറാഖ്‌ എന്ന പരമാധികാര രാഷ്ട്രത്തിന്റെ ഭരണാധിപനാവാന്‍ തക്ക പ്രാപ്തിയുണ്ടായെങ്കില്‍ അയാള്‍ ഇതൊന്നുമറിയാത്ത ഒരു വിഡ്ഢിയായിരുന്നു എന്ന് വിശ്വസിക്കാന്‍ കഴിയില്ലല്ലോ? പിന്നെ എന്താണ്‌ സദ്ദാം എന്ന മനുഷ്യനെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്തത്‌?

വളരെ ലളിതമായി പറഞ്ഞാല്‍ എന്നേ തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്ന തന്റെ വിധി സദ്ദാം എന്നോ മനസ്സില്‍ കുറിച്ചിട്ടു കഴിഞ്ഞിരുന്നു എന്നതു തന്നെ. തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത ഒരു മനസ്സും, തനിക്കു ചുറ്റും രൂപം കൊണ്ടുവരുന്ന ചതിക്കുഴികളെ കുറിച്ചുള്ള തിരിച്ചറിവും പിന്നെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി കൊള്ളരുതായ്മയുടെ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്ന ഒരു കരിങ്കല്‍ ഹൃദയവും ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ഒരു ഏകാധിപതി ആയിരുന്നു സദ്ദാം ഹുസ്സൈന്‍.ക്യൂബന്‍ ജനത ഫിഡല്‍കാസ്ട്രോയ്ക്ക്‌ നല്‍കിയ പിന്തുണ പോലെ തന്നെ രക്ഷിക്കാന്‍ ഇറാഖി ജനത ഉണ്ടാവില്ല എന്ന പൂര്‍ണ്ണമായ ബോധമുള്ളത്‌ കൊണ്ട്‌ അടിച്ചമര്‍ത്തി അനുസരിപ്പിക്കുക എന്ന ജനവിരുദ്ധ തന്ത്രത്തിലൂടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ഏകാധിപതി. സ്വന്തം രക്ത ബന്ധുക്കളെപ്പോലും കൊല്ലാന്‍ മടിക്കാതിരുന്ന നിഷ്ടൂരഭരണം അനിവാര്യമാക്കിയ ഒരു തിരിച്ചടിയിലൂടെ, ഒടുവില്‍ അര്‍ഹിക്കുന്ന ഒരു മരണത്തിലേക്ക്‌ സ്വയം നടന്നു പോയ ഒരു മനുഷ്യന്‍!

തുടക്കത്തില്‍ അവിഭക്ത സോവിയറ്റ്‌ റഷ്യയുടെ ഉത്തമ തോഴനായിരുന്നു സദ്ദാം. പക്ഷേ അധികാര പാതയിലൂടെയുള്ള തന്റെ കടിഞ്ഞാണില്ലാക്കുതിപ്പിന്‌ അനുയോജ്യനായ സുഹൃത്ത്‌ അമേരിക്കയാണെന്ന തിരിച്ചറിവ്‌ അദ്ദേഹത്തെ അമേരിക്കയോടടുപ്പിച്ചു. സോവിയറ്റ്‌ റഷ്യയുടെ അഭിമാനമായിരുന്ന T Series പാറ്റന്‍ ടാങ്കുകളുടെ നിര്‍മ്മാണ രഹസ്യം അമേരിക്കക്ക്‌ ചോര്‍ത്തിക്കൊടുത്തു കൊണ്ടാണ്‌ സദ്ദാം അമേരിക്കയുടെ വിശ്വസ്തനാവുന്നത്‌. അതോടെ 2006 ഡിസംബര്‍ 30 ന്‌ നടപ്പിലാക്കപ്പെട്ട തന്റെ അന്ത്യവിധിയുടെ ആദ്യവരി സദ്ദാം സ്വയം കുറിച്ചു കഴിഞ്ഞിരുന്നു. പിന്നെ സദ്ദാമിനെ അമേരിക്ക എങ്ങിനെയെല്ലാം ഉപയോഗപ്പെടുത്തി എന്നത്‌ ചരിത്രം.എണ്ണസമ്പത്താല്‍ അനുഗ്രഹീതമായ മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക്‌ ഒരു പടിവാതില്‍ തുറന്നു കിട്ടിയതായിരുന്നു അമേരിക്കയ്ക്ക്‌. അതവര്‍ വളരെ വിദഗ്ധമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇറാന്‍ ഇറാഖ്‌ യുദ്ധത്തിലൂടെ തുടക്കമിട്ട മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയാസ്ഥിരത ഇന്നും തുടര്‍ന്നുപോകുന്നതെന്തുകൊണ്ട്‌? അറബികളുടെ മന:ശാസ്ത്രം അതിസൂക്ഷ്മമായി വിശകലനം ചെയ്ത്‌ അസാമന്യ ബുദ്ധിപാടവത്തോടെ അമേരിക്കയും മറ്റ്‌ പാശ്ചാത്യ ശക്തികളും ചേര്‍ന്ന് തയ്യാറാക്കിയ ഒരു രാഷ്ട്രാന്തരീയ തിരക്കഥയുടെ പിഴവില്ലാത്ത ആവിഷ്കാരമല്ലേ ഈ നടമാടുന്ന അങ്കങ്ങളൊക്കെയും. സ്വാഭിമാനവും, പോരാട്ടവീര്യവും, അഹങ്കാരത്തോളമെത്തുന്ന ധൈര്യവും അപകടകരമാം വിധം തീവ്രമായ വംശീയബോധവും എല്ലാറ്റിനുമുപരി വിവേകത്തിനും ഒരു പടവു മുകളില്‍ കയറി നില്‍ക്കുന്ന വികാരവും തലക്കെട്ടായി കൊണ്ടു നടക്കുന്ന അറബ്‌ ജനതയുടെ ഒരു വെറും പ്രതീകം മാത്രമാവുന്നു സദ്ദാം ഹുസ്സൈന്‍. ആവശ്യം വന്നാല്‍ ഇനിയും എത്രയോ സദ്ദാംഹുസ്സൈന്മാരെ സൃഷ്ടിക്കാന്‍ അമേരിക്കയ്ക്കു കഴിയും. എണ്ണ എന്ന ഊര്‍ജസ്ത്രോതസ്സിന്‌ ഒരു ബദല്‍ ഉണ്ടായില്ലെങ്കില്‍ അഥവാ എണ്ണ എന്ന വജ്രായുധം ഉപ്യോഗിച്ച്‌ പാശ്ചാത്യ ശക്തികളെ തങ്ങളുടെ വരുതിക്കു നിര്‍ത്താം എന്ന അവസ്ഥ അറബ്‌ രാജ്യങ്ങള്‍ക്ക്‌ ഇല്ലാതാവും വരെ ഇതു തുടരുകയും ചെയ്യും. ഇന്നത്തെ അവസ്ഥയില്‍ ഒരു പുനര്‍വിചിന്തനം അറബ്‌ രാജ്യങ്ങളില്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കാനും പറ്റില്ലല്ലോ?

ആത്യന്തികമായി ഇറാഖോ ഇറാനോ പലസ്തീനോ സിറിയയോ ഒന്നുമല്ല അമേരിക്കയുടെ ലക്ഷ്യം. അത്‌ അറബ്‌ ലോകത്തെ സുസ്ഥിരത തകര്‍ക്കുക എന്നുള്ളതാണ്‌. ആ ഉരല്‍ വിഴുങ്ങാന്‍ അവരുപയോഗിക്കുന്ന വിരല്‍ മറവുകളാണ്‌ ഇവയൊക്കെയും എന്നതാണ്‌ സത്യം. അറബ്‌ ലോകത്തെ വിഘടിപ്പിച്ചു നിര്‍ത്താന്‍ കണ്ടുപിടിച്ചുവെച്ചിരിക്കുന്ന ശക്തമായ ആയുധമോ? വംശീയതയും. സദ്ദാമിനു ശേഷം തിരക്കഥയിലെ അടുത്ത അങ്കം! ജൂതവംശീയതയെ ആളിക്കത്തിച്ചു കൊണ്ടാണ്‌ അവരതിനു തുടക്കമിടുന്നത്‌. ഏരിയല്‍ ഷാരോണ്‍ എന്ന കഴുകനെ തീറ്റിപോറ്റികൊണ്ട്‌ വളര എളുപ്പത്തില്‍ അമേരിക്ക അതു നേടി. (കൊടുത്താല്‍ ബാഗ്ദാദില്‍ മാത്രമല്ല ടെല്‍ അവീവിലും കിട്ടും എന്ന് ഷാരോണിന്റെ ഇപ്പോഴത്തെ കിടപ്പു കണ്ടാലും പറയാം)ഇപ്പോള്‍ കനലായെരിഞ്ഞു നില്‍ക്കുന്ന ആ അഗ്നിയെ ബാക്കിനിര്‍ത്തി ഇതാ അടുത്ത തീപ്പൊരി. ഷിയാ സുന്നി വിഭാഗീയതയെ - ഇപ്പോള്‍ തന്നെ നീറിക്കത്തുന്ന നാളങ്ങളെ - ആളിക്കത്തിക്കാനാണ്‌ പുറപ്പാട്‌. നോക്കുക സദ്ദാം ഹുസ്സൈന്റെ തൂക്കിലേറ്റല്‍ വളരെ വിദഗ്ധമായി ആസൂത്രണം ചെയ്യപ്പെട്ട ഒരു നാടകമല്ലേ? മുസ്ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്ന ഒരു ദിവസം തന്നെ എന്തിനതിനു തിടുക്കത്തില്‍ തിരഞ്ഞെടുത്തു? തൂക്കിക്കൊല്ലാം എന്നുറപ്പാക്കിയ സ്ഥിതിക്ക്‌ ഒരു ദിവസം കൂടെ വൈകിച്ചാല്‍ പ്രത്യേകിച്ച്‌ എന്തു സംഭവിക്കുവാനായിരുന്നു ഇറാഖില്‍? തികച്ചും അപ്രതീക്ഷിതമായി ഈ ദിനം തന്നെ അതു നടപ്പിലാക്കിയതെന്തിന്‌? ചോദ്യങ്ങള്‍ക്ക്‌ ഉത്തരമുണ്ട്‌. നമുക്ക്‌ ഇന്നത്തെ പത്രവാര്‍ത്ത ഒന്നു നോക്കാം.

സദ്ദാമിന്റെ അന്ത്യനിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ്‌ ചെയ്ത്‌ ലോകത്താകമാനം ഇന്റര്‍നെറ്റ്‌ വഴി (ഒരു പരിധി വരെ ദൃശ്യ മാധ്യമങ്ങള്‍ വഴിയും) എത്തിച്ചു കൊടുത്തതിന്റെ പിന്നില്‍ ആരാണെന്നതിനെ കുറിച്ച്‌ ഇറാഖ്‌ ഗവണ്‍മന്റ്‌ അന്വേഷണം ആരംഭിച്ചിരിക്കുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. അതില്‍ സദ്ദാം തൂക്കുമരത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ ഷിയാപുരോഹിതന്‍ അധിക്ഷേപിച്ച സംസാരിക്കുന്നത്‌ വ്യക്തമായും കേള്‍ക്കാം. എത്ര വിശ്വസനീയം! സദ്ദാമിനെ പോലുള്ള ഒരാളേ തൂക്കിലേറ്റുമ്പോള്‍, അതും വെറും ഇരുപതോളം പേര്‍ മാത്രം സാക്ഷികളായ, വിനാശകരമായ പ്രത്യഘാതങ്ങള്‍ ഉളവാക്കും എന്നുറപ്പുള്ള ഒരു ആസൂത്രിത കൊലപാതകം ഒരു ഗവണ്‍മന്റ്‌ നടത്തുമ്പോള്‍, സംഭവിക്കും എന്ന് നാം വിശ്വസിക്കണം ഈ നടന്നത്‌! സദ്ദാമിനെ തൂക്കിലേറ്റുമ്പോള്‍ മനുഷ്യത്വത്തിനു നിരക്കാത്ത ഹീന സംഭവങ്ങള്‍ നടന്നു എന്ന് തൂക്കിക്കൊലയ്ക്ക്‌ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തി എന്നതും കൂട്ടിച്ചേര്‍ത്ത്‌ വായിക്കണം ഇതിന്റെ കൂടെ. എന്താണിതിന്റെയൊക്കെ അര്‍ത്ഥം? മുന്‍ കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ അനുസരിച്ചായിരുന്നു കാര്യങ്ങള്‍ നടന്നത്‌ എന്നല്ലേ? ഷിയാ പുരോഹിതന്റെ അധിക്ഷേപവും, അത്‌ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടതും, സദ്ദാമിനെ തൂക്കിലേറ്റിയതിന്റെ വികാരം ഒന്നു തണുക്കുന്നതിന്നു മുന്നെ - സദ്ദാം വധിക്കപ്പെട്ടതിനു മണിക്കൂറുകള്‍ക്കകം - അതു പുറത്തായതും ഒക്കെ? കൂട്ടത്തില്‍ ആ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും അതേറ്റു പിടിച്ച ബ്രിട്ടീഷ്‌ ഉപ പ്രധാനമന്ത്രി ജോണ്‍ പ്രെസ്കോട്ടിന്റെ പ്രസ്താവനയും എല്ലാം കൂടെച്ചേര്‍ന്ന് എന്തിലേക്കാണ്‌ ഇറാഖി ജനതയെ നയിക്കുന്നത്‌? ഉത്തരം വളരെ വ്യക്തം. ആളിപ്പടരാന്‍ തുടങ്ങുന്ന തീയിലേക്ക്‌ ഒരു തുടം എണ്ണകൂടെ. അത്രതന്നെ. ഷിയാ സുന്നി വിഭാഗീയത, അതിലൂടെ ഇറാന്‍...... പിന്നെ? ഇപ്പോഴും ഒരുകാല്‍ മാത്രമുറപ്പിച്ചു നില്‍ക്കുന്ന മേഖലയിലേക്കല്ലേ ആത്യന്തികമായി ആ വരവ്‌? ബഹ്‌റൈന്‍,സൗദി, ഖത്തര്‍ ഉന്നങ്ങള്‍ പലതുണ്ട്‌. മാര്‍ഗങ്ങളാണ്‌ തുറക്കുന്നത്‌.

ആത്മാഭിമാനം മുറിപ്പെട്ടാല്‍ വൈകാരികമായി പ്രതികരിക്കുന്ന അറബ്‌ ജനതയുടെ മന:ശാസ്ത്രം വ്യക്തമായും ഉപയോഗപ്പെടുത്തുകയാണിവിടെ. കൂട്ടത്തില്‍ സദ്ദാമിനെയും അവര്‍ പഠിച്ചിട്ടുണ്ടാവണം. മരണമുഖത്ത്‌ സദ്ദാം എങ്ങിനെ നില്‍ക്കും എന്ന് വ്യക്തമായും ബോധമുള്ളതിനാലാണ്‌ ഇത്തരം ഒരു ഹീനമായ നാടകത്തിന്‌ അമേരിക്ക ഒരുങ്ങിയത്‌. അചഞ്ചലനായി മരണം വരിക്കുന്ന സദ്ദാമിനെ ഔദ്യോഗിക ദൃശ്യമാധ്യമങ്ങളില്‍ കൂടെ കാണിച്ച്‌ അറബ്‌ ലോകത്തിനു മുന്നില്‍ അദ്ദേഹത്തിനു ഒരു വീരനായകന്റെ പരിവേഷം നല്‍കുക. മണിക്കൂറുകള്‍ക്കകം ആ ഒരു ബിംബത്തെ അവഹേളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ അത്‌ ഈ മേഖലയില്‍ എന്തെന്തു പ്രത്യാഘാതങ്ങള്‍ക്കു കാരണമാവും എന്നു കണിശമായും ഗൃഹപാഠം ചെയ്തുറപ്പിച്ചു അരങ്ങേറിയ ഒരു നാടകമായിരുന്നു സദ്ദാം വധം എന്നുറപ്പ്‌. അല്ലെങ്കില്‍ ലോകത്തെവിടെയെങ്കിലും ഒരു മുന്‍ഭരണാധികാരിയെ തൂക്കിലേറ്റുന്ന രംഗങ്ങള്‍ ഏതെങ്കിലും ഔദ്യോഗിക മാധ്യമങ്ങളില്‍കൂടെ പുറത്തു വന്നിട്ടുണ്ടോ? അതിനു ഇറാഖി സര്‍ക്കാര്‍ നല്‍കിയ വിശദീകരണവും ബഹു കേമം! സദ്ദാമിനെ തൂക്കിലേറ്റി എന്നു ലോകത്തെ ഉറപ്പായും അറിയിക്കാനായിരുന്നത്രേ വളരെ ബുദ്ധിമുട്ടി അവരത്‌ ചെയ്തത്‌. അതിനു മരിച്ചു കിടക്കുന്ന സദ്ദാമിന്റെ കുറച്ചു ക്ലോസപ്പ്‌ ഷോട്ടുകളായാലും മതിയായിരുന്നില്ലേ? അതെ, കളികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

അറബ്‌ രാജ്യങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള ഒരു പൊതു പ്ലാറ്റ്‌ഫോം ഉണ്ടാക്കാത്തിടത്തോളം ഇതിനിയും തുടരുക തന്നെയും ചെയ്യും. കുരച്ചുകൊണ്ടോടിവരുന്ന പട്ടിക്കുനേരെ ഒന്നിച്ചു നിന്നു കല്ലെറിയണം എന്ന തത്വം എന്നാണാവോ അറബ്‌ രാജ്യങ്ങള്‍ പഠിക്കുക. അമേരിക്കക്കും ഇത്‌ നിലനില്‍പ്പിന്റെ പോരാട്ടമാണ്‌. അല്ലാതെ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ അമേരിക്കയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരൊക്കെ ചെകുത്താന്മാരായിരുന്നു എന്നു പറയാന്‍ പറ്റില്ലല്ലോ? വരാന്‍ പോകുന്ന നാളുകളില്‍ ലോകത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നത്‌ ഊര്‍ജ്ജങ്ങളുടെ ഉറവിടമായ രാജ്യങ്ങളായിരിക്കും എന്നവര്‍ വളരെ മുന്നേ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അതിനനുസരിച്ച്‌ അവര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. അതവര്‍ കൃത്യമായും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അല്ലാതെ ഇസ്ലാമിനോടുള്ള മറ്റൊരു കുരിശു യുദ്ധമൊന്നുമല്ല ഇക്കാണുന്നതൊന്നും. യഥാര്‍ത്ത ഉന്നത്തില്‍ നിന്നും ശ്രദ്ധ തെറ്റിക്കാനായി ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ഒരു പുകമറ മാത്രമാണത്‌. അറബ്‌ ലോകം എന്നു യാഥാര്‍ത്ത്യം ഉള്‍ക്കൊള്ളുന്നുവോ അന്നു തീരും ഇത്‌. ബലവാനോട്‌ അനുരഞ്ജനമാണ്‌ വേണ്ടതെന്ന് അമേരിക്കയ്ക്ക്‌ നന്നായറിയാം. അറബ്‌ ലോകം ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ അമേരിക്ക പേടിച്ചോടി ഒളിച്ചു കളയും എന്നൊന്നുമല്ല പറഞ്ഞു വരുന്നത്‌. അനുരഞ്ജനത്തിന്റെ പാതയിലൂടാവാം പിന്നെയുള്ള നീക്കങ്ങള്‍ എന്നൊരു പ്രത്യാശ മാത്രം. അപ്പോഴും ആത്യന്തികമായി സമാധാനം തന്നെയാണല്ലോ പ്രതീക്ഷിക്കാവുന്നതും!

24 Comments:

Blogger Physel said...

മുസ്ലിംകളുടെ ബലിപെരുന്നാള്‍ ദിനത്തില്‍ തന്നെ സദ്ദാം തൂക്കിലേറ്റപ്പെട്ടൂ. സദ്ദാമിന്റെ അന്ത്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ലോകം മുഴുവന്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നു!അതും വംശീയ വിദ്വേഷം ആളിക്കത്തിക്കൂന്ന വിധത്തില്‍! എന്തൊക്കെയായിരുന്നാലും ഒരു മനുഷ്യന്റെ മരണം കൊണ്ട് ചിലര്‍ നടത്തുന്ന ആസൂത്രിതമായ ഒരു നാടകമാണോ ഇതൊക്കെയും? എന്റെ ചില ചിതറിയ ചിന്തകള്‍.

11:30 AM  
Blogger Sul | സുല്‍ said...

ഫൈസല്‍,

താങ്കള്‍ ചിന്തിക്കുന്നതു പോലെ അറബ് രാഷ്ട്രതലവന്മാന്‍ ചിന്തിക്കാത്തതെന്തുകൊണ്ട്? അതു പോലെ ലോക മുസ്ലിം സമൂഹവും (ഷിയ / സുന്നി) ചിന്തിക്കുന്നില്ലല്ലൊ അതാണ് ഖേദകരം. അമേരിക്കയുടെ കയ്യിലെ കളിപ്പാവകളായി മാറിക്കൊണ്ടിരിക്കുകയാണ് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍.

-സുല്‍

12:24 PM  
Anonymous oru vayanakkaran said...

ഹാവൂ...യാതാര്‍ഥ്യബോധത്തോടെയുള്ള ഒരു വിശകലനമെങ്കിലും കണ്ടല്ലോ. സമാധാനം. സദ്ദാ‍ം തേങ്ങയാണ്, മാങ്ങയാണ് അതല്ല അയാള്‍ ഒരു ക്രൂരനാ‍ണ്..ഹര്‍ത്താല്‍ നടത്തിയ കേരളക്കാരാണ് വിഡ്ഡികള്‍...ഇത്തരം വികലമായ ചര്‍ച്ചകള്‍ക്കിടയില്‍ ഇങ്ങനെ ചിലതു കാണുന്നത് തന്നെ ഒരാശ്വാസം. ഫൈസല്‍, പറയാനുള്ളത് പലതും പൂര്‍ണ്ണമായും വ്യക്തമായും പറയാന്‍ കഴിഞ്ഞില്ല എന്നൊരു ന്യൂനതയുണ്ട്. എങ്കിലും നന്നായി.

2:02 PM  
Blogger ദില്‍ബാസുരന്‍ said...

ഫൈസലേട്ടാ,
പൂര്‍ണ്ണമായും യോജിക്കുന്നു. ഇതേ വരെ ബൂലോഗത്ത് ഞാന്‍ കണ്ടതില്‍ ഏറ്റവും പക്വമായ ‘സദ്ദാം പ്രശ്ന‘ത്തിന്റെ നിരീക്ഷണം ഇതാണ്.

അമേരിക്ക അതിവിദഗ്ധമായി തന്നെയാണ് കളിയ്ക്കുന്നത്. ബുഷ് അതിന്റെ തലപ്പത്തിരിക്കുന്നു എന്ന് മാത്രം. ബുഷ് അല്ലെങ്കില്‍ ഒരു കെറി അല്ലെങ്കില്‍ ഒരു ഹിലാരി, ആരായാലും അമേരിക്കന്‍ നയങ്ങള്‍ കാര്യമായൊന്നും മാറില്ല. കാരണം അവരുടെ ലക്ഷ്യങ്ങള്‍ മാറുന്നില്ല എന്നത് തന്നെ.

3:23 PM  
Blogger ബയാന്‍ said...

ഫൈസല്‍, നന്ദി,
വന്ധീകരിക്കപെട്ട വാര്‍ത്തകള്‍കിടയില്‍ നിന്നു വസ്തുതകള്‍ പൊറുക്കിയെടുത്തു എല്ലാം അടുക്കും ചിട്ടയോടും കൂടി പറഞ്ഞു വെച്ചിരിക്കുന്നു.

കൂടെ സദ്ദാം കോടതി മുറിയില്‍ ഇറാനെതിരെയും അമേരിക്കയ്ക്കുമെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തെന്നും, പാലസ്തീനു വേണ്ടി മുദ്രാവാക്യം വിളിച്ചതായും, അദ്ദേഹത്തെ ജയിലില്‍ പരിചരിച്ച നഴ്സിനോടു മകളുടെ കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കു വെച്ചതും, മകള്‍ അമ്മാനില്‍ പ്രത്യക്ഷപെട്ടതും എല്ലാ വാര്‍ത്തകളും ഏച്ചു കെട്ടിയാല്‍ ഇതിന്റെയൊക്കെ കലികാലം തിരിച്ചറിയാന്‍ പറ്റും, എനിവേ, കാര്യങ്ങളൊക്കെ ഫങ്ങിയായി നടക്കട്ടെ.

7:47 PM  
Blogger ദിവ (diva) said...

ഫൈസല്‍

വളരെ പക്വവും വിശാലവുമായി ചിന്തിക്കുന്ന ഒരു ലേഖനം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ഈ സംഭവത്തിലെ പ്രായോഗികവശം തികച്ചും പ്രൊഫഷണല്‍ അപ്പ്രോച്ചോടുകൂടി വിശകലനം ചെയ്ത ഒരേയൊരു പോസ്റ്റ് ഇതാണെന്ന് തോന്നുന്നു.

ഈ വിഷയത്തില്‍ ആവേശത്തിന്റെ പേരില്‍ ഏതെങ്കിലും പക്ഷം ചേരുന്ന പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കുമിടയില്‍ ഈ പോസ്റ്റ് വേറിട്ട് നില്‍ക്കുന്നു. പ്രായോഗിക ബുദ്ധി കാണിക്കാത്തത് ഭരണാധികാരികളായാലും പ്രജകളായാലും ദുരിതത്തിലേ അവസാനിക്കൂ. ‘എ’ യില്‍ തുടങ്ങി ‘ഇസഡില്‍‘‍ അവസാനി(പ്പി)ക്കുന്ന നമ്മുടെ പല ചര്‍ച്ചക്കാരും ഇതുപോലെ വായിച്ചാലെന്തെങ്കിലും പ്രയോജനമുണ്ടാകുന്ന പോസ്റ്റുകള്‍ ഇട്ടിരുന്നെങ്കില്‍.

ആശംസകള്‍

2:55 AM  
Blogger sami said...

ഫൈസല്‍[ക്കാ]????
സദ്ദാം വധിക്കപ്പെട്ടിട്ടുണ്ടോ?എന്തുകൊണ്ടോ ഇങ്ങനെ ഒരു സംശയം മനസ്സിലുണ്ട്...
കാരണം...തൂക്കിക്കൊന്ന സദ്ദാമിന്റെ നെറ്റിയിലും കവിളിലും ചോര ഉണ്ടായിരുന്നു....സാധാരണ തൂക്കിലേറ്റുന്ന ഒരാളില്‍നിന്ന് ചോര വരുന്നത് താഴോട്ടായിരിക്കും എന്നാണു കേട്ടറിവ്....if so what was the mode of killing if killed??
പിന്നെ മൃതദേഹത്തിന്റെ ഫോട്ടോസിന്റെ ക്ലാരിറ്റി....
മൃതദേഹം യെമെനില്‍ സംസ്കരിക്കണമെന്ന് മകള്‍ പറഞ്ഞത് സ്വീകരിക്കാതിരിക്കാനുള്ള കാരണം എന്താണ്‍്?ആ ശവശരീരത്തിന് ഒന്നും ചെയ്യാനാവില്ലെന്ന സ്ഥിതിക്ക് അത് വിട്ട് കൊടുക്കാമായിരുന്നില്ലെ?
എന്റെ അപക്വമനസ്സിലെ ചില സംശയങ്ങള്‍ മാത്രമാണിത്....ഒരു വിശദീകരണം തരാമൊ?

3:52 AM  
Blogger ബിന്ദു said...

പക്വമായ നിരീക്ഷണം.
qw_er_ty

4:10 AM  
Blogger ikkaas|ഇക്കാസ് said...

ദില്‍ബന്‍ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ.
വേറൊന്ന്,
സദ്ദാമിനെ കൊന്നതിന് രണ്ടുപക്ഷം പറഞ്ഞ് പരസ്പരം വാദിച്ചു തോല്‍പ്പിക്കുന്ന സാമാന്യ മലയാളി അറിഞ്ഞിരിക്കേണ്ടത്, നാമറിയാതെ തന്നെ സാംസ്കാരിക അടിമത്തത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്നവരാണു നമ്മള്‍ - അതുകൊണ്ട് എന്തിനും തയ്യാറായിത്തന്നെ കരുതിയിരിക്കുന്നതാണ് നമുക്കും നല്ലത്.

5:00 AM  
Anonymous Anonymous said...

Physel,

This is a very good analysis. Can you translate it in English and post for a wider audience?

5:47 AM  
Blogger Siju | സിജു said...

വിത്യസ്തമായ ഒരു നിരീക്ഷണം
പക്ഷേ, എത്രത്തോളം സത്യമായിരിക്കുമെന്നു സംശയം

6:22 AM  
Blogger കിരണ്‍ തോമസ് said...

ഫൈസല്‍.മനോഹരമായ വിലയിരുത്തല്‍.

7:26 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

വാര്‍ത്തകള്‍ക്കും വികാരങ്ങള്‍ക്കും മുകളില്‍ കണ്ണും മനസ്സും തുറന്ന് വെച്ച് ഒരു നല്ല വിലയിരുത്തല്‍. ഫൈസല്‍ ഞാനും യോജിക്കുന്നു.

7:38 AM  
Blogger തറവാടി said...

ഫൈസല്‍,

നല്ല വിവരണം , കാഴ്ച്ചപ്പാടുകളും

7:59 AM  
Blogger പി. ശിവപ്രസാദ് said...

ഈ പക്വതയും വിവേകവും നമുക്കെല്ലാം ആര്‍ജ്ജിക്കാനായാല്‍ മലയാളിയുടെ നിലവാരം തീര്‍ച്ചയായും ഉയരുകതന്നെചെയ്യും. പക്ഷേ, അതിന്‌ 'വികാരം' വിവേകത്തിന്‌ വഴിപ്പെടുമോ എന്നതാണ്‌ പ്രധാന പ്രശ്നം. ഈ വിഷയത്തിലെ ഒരു നല്ല പോസ്റ്റ്‌.

9:19 AM  
Blogger Physel said...

സിമി,
സദ്ദാം വധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇങ്ങനെ വായിച്ചു പോവുമ്പോള്‍ എന്നിലെ പഴയൊരു പത്ര പ്രവര്‍ത്തകനു തോന്നിയ ചില സംശയങ്ങള്‍ പോസ്റ്റാക്കിയതായിരുന്നു. പിന്നെ സിമിയുടെ സംശയങ്ങള്‍....സദ്ദാം വധിക്കപ്പെട്ടു എന്നതില്‍ സംശയമുണ്ടാവേണ്ട കാര്യമില്ലെന്നു തോന്നുന്നു. ലീക്ക് ചെയ്തു എന്നു പറയപ്പെടുന്ന വീഡിയോയില്‍ നിന്നും അതു വ്യക്തമാണ്. പിന്നെ ചോരയുടെ പ്രശ്നം. അതു വിശദീകരിക്കാന്‍ എനിക്കു കഴിയില്ല. മൃതദേഹം തൂങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ രക്തമൊന്നും കാണനില്ലായിരുന്നു. ഒരു പക്ഷേ കയര്‍ മുറുകിയ സ്ഥലത്തു നിന്നായിരിക്കണം രക്തപ്രവാഹം. അതു പിന്നെ മൃതദേഹം മാറ്റിക്കിടത്തുമ്പോള്‍ മുഖത്ത് പറ്റിയതായിരിക്കാം. എന്തോ....?

പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി

3:02 PM  
Anonymous muhammed sageer said...

Physel,

This is a very good analysis.

3:29 PM  
Blogger മണി said...

ഈ വിഷയം മുന്‍ നിര്‍ത്തി പലരും പ്രകടിപ്പിച്ച വികലമായ പോസ്റ്റിംഗ്കള്‍ വായിച്ച് ഒരുതരം അസ്വസ്തതയും മനം മടുപ്പൂമായാണ് ഫൈസലിന്റെ ഈ പോസ്റ്റ് വാ‍യിച്ച് തുടങ്ങിയത്. വളരെ വ്യത്യസ്തവും ആഴത്തിലുള്ളതുമായ നിരീക്ഷണം.
താങ്കള്‍ ക്കു നന്ദി.

5:32 PM  
Blogger സന്തോഷ് said...

ഫൈസല്‍, താങ്കളുടെ വിലയിരുത്തല്‍ ഉള്‍ക്കാമ്പുള്ളതാണ്.

qw_er_ty

7:11 PM  
Blogger വക്കാരിമഷ്‌ടാ said...

ഇതിനു മുന്‍പ് പറഞ്ഞവര്‍ പറഞ്ഞ അതേ അഭിപ്രായം. നല്ല നിരീക്ഷണം. അധികം വികാരപ്രകടനങ്ങളില്ലാതെ എഴുതിയിരിക്കുന്നു.

ഫൈസല്‍ പറഞ്ഞതുപോലെ തന്നെയാണോ കാര്യങ്ങള്‍ എന്നറിയില്ല. അറബ് ലോകം ഒന്നിച്ച് നിന്ന് അമേരിക്കയ്ക്ക് ബദലായോ അല്ലെങ്കില്‍ അവര്‍ ലോകത്തിലെ ഏക വന്‍‌ശക്തിയായോ വന്നാല്‍ എങ്ങിനെയാവും എന്ന് ആലോചിച്ച് പോകുന്നു.

ഒന്നിച്ച് നില്‍‌ക്കുന്ന അറബ് ലോകം മറ്റ് രാജ്യങ്ങളെ പിന്നെ എങ്ങിനെ കാണും എന്നുമറിയില്ല. ചിലപ്പോള്‍ തോന്നുന്നത് അറബ് ലോകം പല രാജ്യങ്ങളുടെ ഒരു കൂട്ടായ്‌മയായുള്ള ഒന്നിക്കലാണെങ്കില്‍ അമേരിക്ക ഇപ്പോള്‍ കാണിക്കുന്നതുപോലുള്ള ഏകപക്ഷീയമായ ഇടപെടലുകള്‍ ഉണ്ടാവില്ലായിരിക്കും എന്ന്. ലോകത്ത് ഒരു വന്‍ശക്തി മാത്രം രൂപം കൊണ്ടാലുള്ള പ്രശ്‌നമാണ് ഇതൊക്കെ എന്ന് തോന്നുന്നു. ആ ശക്തി അമേരിക്കയില്‍നിന്ന് മാറി ഒന്നിച്ചുള്ള ഒരു അറബ് ശക്തിയായാല്‍ അത് മറ്റൊരു അമേരിക്ക ആകുമോ? അറിയില്ല.

തുല്യ ശക്തിയുള്ള രണ്ട് വന്‍‌ശക്തികള്‍ ഉണ്ടായാല്‍ അതും പ്രശ്‌നമാണെന്ന് തോന്നുന്നു. പക്ഷേ സോവിയറ്റ് യൂണിയനും അമേരിക്കയും ഉണ്ടായിരുന്ന സമയത്തായിരുന്നോ ഇപ്പോഴായിരുന്നോ ലോകത്ത് സമാധാനം കൂടുതല്‍ എന്നും സംശയം. ഇപ്പോള്‍ സോവിയറ്റ് യൂണിയന് പഴയ ശക്തി ഉണ്ടായിരുന്നെങ്കില്‍ ഇറാക്കില്‍ നടന്നതുപോലത്തെ കടന്നുകയറ്റം നടക്കുമായിരുന്നോ?

വെറുതെ കുറെ ചിന്തകള്‍ മാത്രം.

7:15 PM  
Blogger Physel said...

വക്കാരീജീ,

ചിന്തിക്കേണ്ട മറ്റൊരു പ്രശ്നമാണതെന്നൂ തോന്നുന്നു. എണ്ണ എന്ന ചാലകശക്തിയുടെ ബലത്തില്‍ അറബ് രാജ്യങ്ങള്‍ക്ക് ലോകക്രമത്തില്‍ ഇന്ന് അമേരിക്കയ്ക്കും മറ്റു സഖ്യരാജ്യങ്ങള്‍ക്കുമുള്ള മേല്ല്ക്കോയ്മ ലഭിക്കുകയാണെങ്കില്‍ സ്ഥിതിഗതികള്‍ ഒരു പക്ഷേ ഇതിലും വഷളായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നേക്കാം എന്നനുമാനിക്കുന്നതില്‍ സാംഗത്യമുണ്ട്. കാരണം നേരത്തേ പറഞ്ഞുവെച്ച വംശീയത ഇതിലും കൂടിയ ഒരവസ്ഥയിലും രൂപത്തിലുമായിരിക്കും അവതരിക്കുക.ഇറാന്‍ എന്ന രാജ്യം ഇന്നഭിമുഖീകരിക്കുന്നതിലും വലിയൊരു ഭീഷണിയായിരിക്കും അന്നു നേരിടേണ്ടി വരിക. (ഇറാന്റെ അണ്വായുധ പരീക്ഷണങ്ങള്‍ക്കെതിരെ അമേരിക്ക നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍ക്കിയതിനെ ഇന്ത്യയിലെ ഇടതു പക്ഷ കക്ഷികള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് നിശ്ശബ്ദരായത് എന്തു കൊണ്ട്? ആത്യന്തികമായി മദ്ധ്യ പൂര്‍വേഷ്യന്‍ മേഖലയില്‍ അതുണ്ടാക്കിയേല്ക്കാവുന്ന അസ്ഥിരതയും അതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും അവര്‍ക്കു ബോധ്യപ്പെട്ടിരിക്കണം എന്നല്ലേ അനുമാനിക്കേണ്ടത്? ഷിയാ വിഭാഗത്തിന് പ്രാമുഖ്യമുള്ള, അണ്വായുധം കൈവശ്മുള്ള ഇറാന്‍ അവര്‍ക്കെതിരെ പ്രബലമായൊരു ഭീഷണി നിലനില്‍ക്കാത്തിടത്തോളം കാലം ബഹ്‌‌‌റൈന്‍ എന്ന രാജ്യം ഒഴികെ ഈ മേഖലയിലുള്ള മറ്റെല്ലാ രാജ്യങ്ങള്‍ക്കും ഒരു നിത്യ ഭീഷണിയായിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല...അതു കൊണ്ടാണല്ലോ നിര്‍ണ്ണായകമായ വോട്ടേടുപ്പിനു തൊട്ടു മുന്നെ സൌദി രാജാവും, ഖത്തറിന്റെ ഉന്നത സംഘവും ഇന്ത്യ്യിലെത്തിയത്! ഇന്ത്യ യുക്തമായ നിലപാടെടുത്തു എന്നു തന്നെ തോന്നുന്നു. കാരണം ഈ മേഖലയിലുണ്ടാവുന്ന ഏതൊരസ്ഥിരതയും ആദ്യം ബാധിക്കുന്ന രാജ്യം ഇന്ത്യയായിരിക്കും എന്നതു തന്നെ.)സബ്ജക്ടിലേക്കു വരാം. പലസ്തീന്‍ പ്രശ്നം മറ്റൊരു വിധത്തില്‍ ഇതിലും വഷളായി പൊട്ടിത്തെറിച്ചേക്കാം എന്നും അനുമാന്നിക്കാം. പക്ഷേ ഞാന്‍ ഈ പോസ്റ്റില്‍ പറയാന്‍ ശ്രമിച്ചത് ഇന്നത്തെ അവസ്ഥയില്‍ അറബ് രാജ്യങ്ങള്‍ക്ക് ഒന്നിച്ചുനില്‍ക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാണ്!
കാരണം എണ്ണ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളെ ഭേദ്യം ഉപയോഗിച്ചല്ലെങ്കില്‍ അനുരഞ്ജനത്തിന്റെ പാതയിലൂ‍ടെയെങ്കിലും കൂടെ നിര്‍ത്താന്‍ അമേരിക്കയും സഖ്യ രാജ്യങ്ങളും ശ്രമിക്കും എന്നുറപ്പാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ എണ്ണയ്ക്ക് ഫലപ്രദമായൊരു ബദല്‍ കണ്ടു പിടിക്കും വരെ അവരത് ചെയ്തേ പറ്റൂ. അപ്പോഴും വലിഞ്ഞുമുറുകിയതാണെങ്കിലും ബലാബലങ്ങളുടെ ഒരു ബാലന്‍സിങ് ഈ മേഖലയില്‍ ഉണ്ടായേക്കാം എന്നൊരു പ്രത്യാശ!

പിന്നെ സോവിയറ്റ് റഷ്യയുടെ പതനത്തിനും മുന്നെയുമ്പിന്നെയുമുള്ള ലോകക്രമം...അതിവിടെ ഒരു കൊച്ചു പോസ്റ്റിലോ കമന്റുകളിലോ ഒതുക്കി നിര്‍ത്തി നമുക്കു വെറുതെ പറഞ്ഞുപോവാന്‍ പറ്റിയ ഒരു വിഷയമല്ലല്ലോ. ആഴത്തില്‍ പഠിച്ച ആരെങ്കിലും അതിനെ പറ്റി പറയുകയാണെങ്കില്‍ കേള്‍ക്കാന്‍ താത്പര്യമുണ്ട്..തീര്‍ച്ചയായും.

9:08 PM  
Blogger വക്കാരിമഷ്‌ടാ said...

ഫൈസലിന്റെ ഇക്കാര്യത്തിലുള്ള പക്വതയോടുകൂടിയുള്ള മറുപടികള്‍ വളരെ ഹൃദ്യം. അതും തികച്ചും ലളിതമായി, വളച്ചുകെട്ടില്ലാതെ, ഫൈസല്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വലിയ ബുദ്ധിമുട്ടില്ലാതെ മനസ്സിലാകുന്ന രീതിയില്‍. ഈ രീതി എപ്പോഴും ഉണ്ടാവാന്‍ സാധിക്കട്ടെ.

qw_er_ty

12:26 AM  
Blogger ibnu subair said...

നല്ല പോസ്റ്റ്‌, ആദ്യ പകുതിക്കുശേഷം യാധാര്‍ത്ഥ്യ ബോധത്തോടെ വസ്തുതകളെ വിശകലനം ചെയ്തിരിക്കുന്നു, അല്ലാഹു അനുഗ്രഹിക്കട്ടെ...

2:47 AM  
Blogger Physel said...

ഈലിങ്കും കൂടെ ഇവിടെ കിടക്കട്ടെ..ഒരു ഭാവി റഫറന്‍സിന്

http://www.madhyamamonline.in/fullstory.asp?nid=34040&id=3

9:15 AM  

Post a Comment

Links to this post:

Create a Link

<< Home