Saturday, September 09, 2006

പ്രണയിക്കുന്നവര്‍ക്കായ്....ഒപ്പം കാമിക്കുന്നവര്‍ക്കും

‘ഇങ്ങനെ പറയാമോ’ എന്ന പോസ്റ്റിന്‌ ഒരു കമന്റ്‌ എന്നേ കരുതിയുള്ളൂ. പക്ഷെ പോസ്റ്റിനെക്കാള്‍ വലിയ കമന്റ്‌ ഒഴിവാക്കുക എന്ന കരീം മാഷുടെ നിര്‍ദ്ദേശം അനുസരിച്ച്‌ ഇതൊരു പുതിയ പോസ്റ്റ്‌ ആയി ഇടുന്നു. പ്രസ്തുത പോസ്റ്റും അതിന്റെ പിന്മൊഴികളും ഇവിടെ ചേര്‍ത്തു വായിക്കാന്‍ അപേക്ഷ....

പാവാടയുടുത്ത പെണ്‍കുട്ടികളെ മാത്രമേ പ്രണയിക്കാന്‍ കഴിയൂ എന്നും മറിച്ച്‌ ജീന്‍സ്‌ ധാരിണികളെ കാമിക്കാന്‍ മാത്രമേ കൊള്ളൂ എന്ന എം. മുകുന്ദന്റെ ഒരു നിരീക്ഷണം ആണല്ലോ ആ പോസ്റ്റിന്റെ ആധാരം. അതു വായിച്ചപ്പോള്‍ എനിക്കുതോന്നിയ രണ്ടേ രണ്ടു സംശയങ്ങളാണ്‌ ഇത്രയും എഴുതാന്‍ കാരണം.

സംശയം 1 : മനുഷ്യനുള്‍പ്പെടെയുള്ള ജന്തുജാലങ്ങളുടെ നിലനില്‍പ്പിന്റെ ആണിക്കല്ലായി വര്‍ത്തിക്കുന്ന കാമം എന്നത്‌ ഒരു അധമവികാരം ആണോ?

സംശയം 2 : യഥാര്‍ത്തത്തില്‍ പ്രണയവും കാമവും രണ്ടും രണ്ടാണോ? ഒന്നാലോചിച്ചാല്‍ ഒരേ സത്തയുടെ രണ്ടു വത്യസ്ഥ ഭാവങ്ങളല്ലേ അവ രണ്ടും?

വളരെ പ്രസിദ്ധനായ ഒരു മന:ശാസ്ത്രഞ്ജന്‍ (പേരു ഞാന്‍ മറന്നു..ഏതായാലും ഫ്രൊയിഡ്‌ അല്ല) ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്‌ : "നിങ്ങള്‍ക്ക്‌ കാമമില്ലാതെ പ്രണയിക്കാന്‍ കഴിയില്ല, മറിച്ച്‌ പ്രണയമില്ലാതെ കാമിക്കാന്‍ കഴിയും" അപ്പോള്‍ പ്രണയമല്ല, കാമമാണ്‌ അടിസ്ഥാനം എന്നു വരുന്നു. ഒരിത്തിരി വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു ഇവിടെ.

ഫ്രോയിഡ്‌ അടക്കമുള്ള നിരവധി മന:ശാസ്ത്രഞ്ജന്മാര്‍ അടിവരയിട്ടു പറഞ്ഞ ഒരു കാര്യമുണ്ട്‌. കുഞ്ഞുങ്ങളില്‍ തിരിച്ചറിവുണ്ടാകുന്ന പ്രായത്തിനും മുന്‍പേ തന്നെ അവരില്‍ ലൈംഗിക ചോദന ഉണ്ടാകുന്നുണ്ട്‌.(പ്രണയത്തിന്റെയല്ല, കാമത്തിന്റെ ബാലപാഠമാണ്‌ തുടങ്ങുന്നതെന്നു ചുരുക്കം)എന്തുകൊണ്ടാണിതിങ്ങനെ? അതിനുത്തരം അന്വേഷിച്ച്‌ നാം ഒരുപാടു ദൂരം പുറകോട്ടു പോവേണ്ടിയിരിക്കുന്നു. മനുഷ്യന്റെ സാമൂഹ്യക്രമങ്ങള്‍ ഉരുവം കൊള്ളുന്നതിനും മുന്‍പേ...ഘോര വനാന്തരങ്ങളില്‍ മറ്റൊരു വെറും ജന്തുവായി അവന്‍ (അവളും) ജീവിച്ചിരുന്ന കാലം. അന്ന് അടിസ്ഥാനകാര്യങ്ങള്‍ മൂന്നേ മൂന്ന്..ഭക്ഷണം, പാര്‍പ്പിടം...പ്രത്യുല്‍പാദനം. അന്ന് പ്രണയമില്ലായിരുന്നു. കാമം മാത്രം. അന്ന് അന്തിവാനം ചുവക്കുന്നത്‌ പ്രണയിനിയുടെ കവിള്‍ തൊട്ടെടുത്ത കുങ്കുമഛവി കൊണ്ടായിരുന്നില്ല, ആകാശം പൂത്തിറങ്ങുന്നത്‌ അവളുടെ കണ്ണുകളിലെ നക്ഷത്രങ്ങള്‍ കൊണ്ടുമായിരുന്നില്ല, നിലാവും മഴവില്ലും മഴയും മഞ്ഞുതുള്ളികളുമൊക്കെ അവനന്ന് വിശദീകരിക്കാന്‍ കഴിയാത്ത അത്ഭുതങ്ങള്‍ മാത്രം. അനന്തമായ കാലം ബ്രഹ്മാണ്ഡപരാണുക്കളില്‍ മാറ്റം വരുത്തിക്കൊണ്ടേയിരുന്നു. തീ കണ്ടുപിടിക്കപ്പെടുന്നു, ചക്രങ്ങള്‍ പിന്നാലെയെത്തുന്നു, മാറ്റത്തിന്റെ രഥവേഗങ്ങളില്‍ മനുഷ്യന്‍ തന്റെ ജൈത്രയാത്ര ആരംഭിക്കുന്നു. സമൂഹങ്ങളുണ്ടാവുന്നു, സാമൂഹിക ക്രമങ്ങള്‍ വരുന്നു. ഗോത്രങ്ങളുടെയും, വര്‍ഗ്ഗങ്ങളുടെയും, ജീവിത സാഹചര്യങ്ങളുടെയും വേലിക്കെട്ടുകള്‍ക്കകത്ത്‌ മാനവകുലം നിരവധി കള്ളികളാക്കപ്പെടുന്നു. അരാജകത്വവും, അരക്ഷിതാ ബോധവും ചേര്‍ന്ന് മനുഷ്യകുലം നശിച്ചുപോകും എന്ന ഒരുഘട്ടത്തില്‍ വേദങ്ങളും, ഉപനിഷത്തുക്കളും പിന്നെ മതങ്ങളും ഉരുവം കൊള്ളുന്നു.മത പ്രബോധകന്മാരുണ്ടാവുന്നു. നിയന്ത്രണങ്ങളില്ലാതെ വളര്‍ന്ന ഭ്രാന്തന്‍ സമൂഹത്തെ അരുതുകളുടെ ചങ്ങലയില്‍ തളയ്ക്കുന്നു. അതിന്റെ ഭാഗമായി വിവാഹം എന്ന സാമൂഹിക ക്രമം നിലവില്‍ വരുന്നു. ഒരുപാടു ലഹളകള്‍ക്ക്‌ അടിസ്ഥാനമായി വര്‍ത്തിച്ച കാമം എന്ന അടിസ്ഥാന ചോദന അങ്ങിനെ കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായി അടിച്ചമര്‍ത്തപ്പെടുന്നു. പക്ഷേ എത്രകാലം...? എത്രകാലം നിലനില്‍പ്പിന്റെ ആധാരശിലയായ കാമത്തിനെ അങ്ങിനെ അടിച്ചമര്‍ത്തി വെയ്ക്കാന്‍ കഴിയും. കഴിയുകയേ ഇല്ല എന്നതല്ലേ സത്യം. മനസ്സിന്റെ വെളിമ്പറമ്പുകളില്‍ അനാഥപ്രേതമായി ശോകഗാനവും പാടി അലഞ്ഞുനടക്കാനൊന്നും അതിനെ കിട്ടില്ല.ഉപബോധ മനസ്സിന്റെ അണിയറയിലെങ്ങോ ഒരു പ്രച്ഛന്ന വേഷം അരങ്ങേറുന്നു. അധമം, നികൃഷ്ഠം എന്നൊക്കെ നാം കല്‍പിച്ചു നല്‍കിയ കാമത്തിന്റെ രൂപത്തില്‍നിന്നും, പ്യൂപ്പപൊട്ടി പുറത്തു വരുന്ന ചിത്രശലഭം പോലൊരു പരിക്രമണം. കാച്ചെണ്ണ തേച്ചു കുളിച്ച്‌, മഴവില്ലിന്റെ ഏഴുനിറങ്ങള്‍ ചാലിച്ചുചേര്‍ത്ത പട്ടുപാവാടയണിഞ്ഞ്‌ (അതെ പാവാട തന്നെ,ജീന്‍സല്ല)കൈതപ്പൂ മണം പരക്കുന്ന ഇടവഴികളിലൂടെ ഒരു മടക്കയാത്ര. കണ്ണുകളില്‍ നക്ഷത്രങ്ങളുടെ തിളക്കവും, കവിളുകളില്‍ അന്തിച്ചോപ്പിന്റെ കുങ്കുമച്ഛവിയും, ചിരിയില്‍ പാല്‍നിലാവിന്റെ മാസ്മരികതയും ആവാഹിച്ച്‌, നേര്‍ത്ത മഞ്ഞുപൊഴിയുന്ന ഒരു പ്രഭാതത്തില്‍ നമ്മുടെ ബോധമനസ്സിന്റെ വയല്‍ വരമ്പിലൂടെ കാമം തിരിച്ചു വന്നപ്പോള്‍ നാം അതിനെ കാല്‍പനികതയുടെ ഒരു പേരുചൊല്ലി എതിരേറ്റു...."പ്രണയം".

അപ്പോള്‍ പറയൂ സുഹൃത്തേ, കാമമാണോ പ്രണയമാണോ പരമമായ സത്യം?

പിന്‍കുറിപ്പ്‌ : നിയന്ത്രണങ്ങളുടെ അതിര്‍ത്തി രേഖകള്‍ പതിയെ മാഞ്ഞു പോവുന്ന ഇക്കാലത്ത്‌ ഉദാത്ത പ്രണയം നമ്മുടെ ഹൃദയത്തിന്റെ പടിയിറങ്ങിപ്പോയി എന്നല്ലേ വിലാപം. മുന്‍പേ തന്നെ ഇല്ലാത്ത ഒന്ന് എങ്ങിനെയാണ്‌ നാം നഷ്ടപ്പെടുന്നത്‌? ഒന്നുകൂടെയാലോചിച്ചാല്‍ അടിച്ചമര്‍ത്തിയവര്‍ തന്നെ നിയന്ത്രണങ്ങളഴിക്കുമ്പോള്‍ ഇനിയും ഒരു പ്രച്ഛന്ന വേഷം ആവശ്യമില്ലത്ത കാമം അതിന്റെ ലാസ്യമനോഹരമായ പ്രണയത്തിന്റെ വേഷം അഴിച്ചുവെച്ച്‌, തന്റെ യഥാര്‍ത്ത രൂപത്തിലേക്കുള്ള ഒരു തിരിച്ചു പോക്കിന്റെ ആരംഭത്തിലാണ്‌ എന്നതും പരമമായ ഒരു സത്യമല്ലേ?

6 Comments:

Blogger Physel said...

പെരിങ്ങോടരുടെ നിര്‍ദ്ദേശം അനുസരിച്ച് “പലവക” എന്നൊരു ബ്ലോഗ് തുടങ്ങി ഇതിവിടെ കൂടെ പോസ്റ്റ് ചെയ്യുന്നു. ബൂലോക കൂട്ടായ്മയില്‍ വന്നിട്ടുള്ളതാണ്

11:12 AM  
Blogger myexperimentsandme said...

പലവക പെരിങ്ങോടരുടെ തന്നെ ഒരു ബ്ലോഗാണല്ലോ ഫൈസലേ

11:21 AM  
Blogger Physel said...

അയ്യോ അതറിഞ്ഞില്ല...പേരു മാറ്റാം

11:28 AM  
Blogger Physel said...

വക്കാരിമഷ്ടാ....

പേരു പൊട്ടും പൊടിയും എന്നാക്കിയിട്ടുണ്ട്...ആ പേരില്‍ വേറെ വല്ലതുമുണ്ടോ ആവോ...(സാരമില്ല, അതവരുടെ പൊടി, ഇതെന്റെ പൊടി അല്ലേ?)

12:20 PM  
Blogger Unknown said...

ഈസ്റ്റ് കോസ്റ്റ് വിജയനുമായി എന്തെങ്കിലും വിധത്തില്‍ അടുപ്പമുണ്ടോ? ആ ടൈറ്റില്‍ കണ്ടപ്പോള്‍ തോന്നിയതാണെ...

എന്തായാലും നന്നായി...

6:13 PM  
Anonymous Anonymous said...

കിടിലന്‍ ആയിട്ടുണ്ട്‌ ഫൈസല്‍ക്കാ... ഇനിയിപ്പോ ഈസ്റ്റ്‌ കോസ്റ്റ്‌ വിജയന്റെ കുട്ടികള്‍ക്കൊന്നും പണിയില്ലാതാകുമല്ലൊ?എന്നാലും ഉദാത്ത പ്രണയത്തിന്റെ വക്താക്കളെ ഇങ്ങനെ തൊലി ഉരിക്കേണ്ടിയിരുന്നില്ല കേട്ടോ?പിന്നെ ഈ കമന്റ് അനോണി ആയി ഇടാന്‍ കാരണം ഞാന്‍ ബീറ്റയിലേയ്ക് മാറിയത് കൊണ്ടാ കേട്ടൊ - സുഹാനിരാത്.ബ്ലോഗ്സ്പോട്ട്.കോം

5:47 PM  

Post a Comment

<< Home