Monday, May 28, 2007

യൂ ഏ ഇ ക്കാരേ...സലാം !!!! (ഒരു UAE ഓര്‍മ്മക്കുറിപ്പ്)

മുമ്പെങ്ങാണ്ടൊരിക്കല്‍ ഞാന്‍ യൂ ഏ ഈ യില്‍ പോയിരുന്നു എന്നു തുടങ്ങാം ഈ കഥ! .....പോയി വന്നിട്ടിപ്പോ ശ്ശി കാലായേയ്. അതോണ്ടാ! “ആലി നാദാപുരം പോയപോലെ“ എന്നു വടകരക്കാരു പറയും. (പട്ടി ചന്തയ്ക്കു പോയപോലെ എന്നു മറ്റു ചിലേടത്തും പറയാറുണ്ടത്രേ...പിന്നെ ഞാന്‍ തന്നെ എന്തിനാ എന്നെ പറ്റി പുകഴ്ത്തി പറയണേ എന്നു വെച്ചിട്ടാ!) ഷാര്‍ജാ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഓര്‍മ്മയുണ്ട്...തെറ്റിധരിക്കല്ലേ, യൂയേയി അല്ലേ.....ബോധം പോയി എന്നൊക്കെ പറഞ്ഞാല്‍ “വ്യാഴാഴ്ച പതിനൊന്നു മണി കഴിഞ്ഞ നേരത്തുള്ള കുറുമാന്‍“ എന്നൊരു ഉപമ പലരുടെയും മനസ്സില്‍ വന്നേക്കാം (കുറും തല്ലല്ലേ... മിനിയാന്നൊരു ബ്ലോഗില്‍ കണ്ടതാ) അതിനാ മുന്‍‌കൂര്‍ ജാമ്യം. വരുമ്പോള്‍ എന്തെല്ലാമെന്തല്ലാം മോഹങ്ങളായിരുന്നു!!! ബ്ലോഗിലും ഭാവനയിലും പിന്നെ ചിത്രങ്ങളിലുമായി മാത്രം പരിചയമുള്ള ഒരുപാടു മുഖങ്ങള്‍.....ആദ്യമായി ബൂലോകത്തിലേക്കൊരു സ്വാഗതവും ഒപ്പം ഗ്ലബ്ബിലൊരു തുണ്ടു സ്ഥലവും പതിച്ചു തന്ന ദേവഗുരു..... “കാതില്‍ വീണ്ടും മുരളാന്‍ വന്ന വണ്ട്” എന്ന ഒരു മഹാലേഖനം മുതല്‍ വായിച്ചുവന്നപ്പോ കുറച്ചുകാലം മുന്നെ വരെ ബോബനും മോളിയും കാര്‍ട്ടൂണിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യേടെ കൊച്ചനുജത്തി എന്നു ഞാന്‍ വിചാരിച്ചിരുന്നതും പിന്നീട് കൊയിലാണ്ടി ഹൈസ്കൂള്‍ മൈദാനം പോലെ വിശാലമായ ഒരു ഹൃദയത്തിന്റെ ഉടമ എന്നു തിരുത്തേണ്ടിയും വന്ന അതുല്യാ ശര്‍മ എന്ന എല്ലാരുടേയും അതുല്യേച്ചി...മുടിയഴിച്ചു പട്ടുടുത്ത് ചിലംബിളക്കി “ഹിയ്യാ...ഹിയ്യാ..” അലറുന്ന നാവേറു കോമരത്തെപ്പോലെ ഒരു വാളെടുത്ത് കയ്യില്‍ കൊടുത്താല്‍ ഉറഞ്ഞുതുള്ളിക്കോളും എന്ന് ധരിച്ചിരുന്ന കൈപ്പള്ളി.....ബ്ലോഗില്‍ ആദ്യമായി എന്റെ ചെവി പിടിച്ചു തിരുമ്മിയ കരീം മാഷ്.... “ഡാ ചെക്കാ പോയി സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി പോസ്റ്റെഡേയ് കഥകളൊക്കെ” എന്നു വിരട്ടിയ പെരിങ്ങോടര്‍, പെട്ടത്തലയില്‍ മലരു വറുത്ത് പോനാല്‍ പോഹട്ടും പോടാ...എന്നു ചെണ്ടകൊട്ടി നടക്കുന്ന എന്റെ എക്കാലത്തെയും ഫേവറിറ്റ് കുറും എന്ന കുറുമാന്‍ എന്ന രാഗേഷ്...നുമ്മടെ സ്വന്തം ഇടിവാള്‍....ദ റോയല്‍ ബാച്ചി ദില്‍ബന്‍, ഉമ്മറത്തൂണിന്മേല്‍ സ്വാഗതം എന്ന കമാനം ഉറപ്പിച്ചു വെച്ച ഒരു തറവാട്........കൊടകരയില്‍ ശങ്കുണ്ണി കൊട്ടാരത്തില്‍, ഇത്തിരി, സിദ്ധാര്‍ഥന്‍,ഗന്ധര്‍വന്‍, ഏറനാടന്‍, അത്തിക്കുര്‍ശി, തമനു,അപ്പൂസ്..... അങ്ങിനെ അന്തമില്ലാതെ നീളുന്ന ഒരു ലിസ്റ്റും പിന്നെയൊരു കസവുമുണ്ടും. പക്ഷേ എല്ലാത്തിനും വേണ്ടേ ഒരു യോഗം. ഓണം ഫെയറിനു പോയ ശുനകനവര്‍കളെപ്പോലെ പോയേലും വേഗത്തില്‍ മടങ്ങി വന്ന എന്റെ യൂയേയീ ഡയറിയില്‍ ആകെ കുറിക്കാന്‍ പറ്റിയ പേരുകള്‍..അതുല്യ പിന്നെ കൈപ്പള്ളിയും. ടെലഫോണിലെങ്കിലും ബന്ധപ്പെടാനായത് ദേവഗുരു, കുറുംസ് പിന്നെ സിദ്ധാര്‍ഥന്‍. എങ്കിലും ഒരിത്തിരി നേരത്തേക്കാണെങ്കിലും മാതൃഭാഷായുടെ കാണാച്ചരടില്‍ കോര്‍ത്ത പൂക്കളില്‍ ഒന്നെന്ന പോലെ സ്നേഹത്തിന്റെ അദൃശ്യ കിരണങ്ങളാല്‍ എന്നെ തഴുകിയ മഹാനുഭവന്മാരേ നിങ്ങള്‍ക്കു നന്ദി. വൈകിയാണെങ്കിലും.......

ഷാര്‍ജ ബാങ്ക് സ്ട്രീറ്റില്‍ ആകാശം മുട്ടുന്ന ഒരു കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍ വിശാലമായ ഒരോഫീസില്‍ ഏകാകിയായി കമ്പ്യൂട്ടറിനു മുന്നില്‍ തപം ചെയ്യുന്ന, ഭംഗിയായി വസ്ത്രധാരണം ചെയ്ത്, അവരെഴുതും പോലെ തന്നെ ചുറുചുറുക്കോടെ വേഗത്തില്‍ സംസാരിക്കുന്ന ഈ സ്ത്രീയാണോ അതുല്യ എന്നൊരുവേള നിങ്ങള്‍ അമ്പരന്നേക്കാം. എഴുത്തില്‍ കൂടി മാത്രമേ നിങ്ങളവരെ പരിചയപ്പെട്ടിട്ടുള്ളൂവെങ്കില്‍............യൂ ഏ ഈ യില്‍ ചിലവഴിച്ച ദിവസങ്ങളത്രയും മലയാളത്തനിമയെഴുന്ന ഒരാഥിതേയയെപോലെ, ദുബായ് ഷാര്‍ജാ റോഡിലെ ബ്രഹ്മാണ്ഡ തിരക്കില്‍ കുടുങ്ങുമോ എന്ന് ആശങ്കപ്പെടുന്ന, “നട്ടപ്പാതിരായ്ക്കെന്തിനാടാ റാസല്‍ഖൈമയ്ക്കു പോണത്...” എന്നു സ്നേഹ പൂര്‍വം ശാസിക്കുന്ന ആ വ്യക്തിത്വം ഞാനെങ്ങനെ മറക്കാന്‍? ഒപ്പം ഓട്ടത്തിനിടയില്‍ കാണാന്‍ ചെന്നപ്പോ “എന്താ ചെക്കാ നിനക്കൊരു സമ്മാനം തരിക ഞാന്‍..” എന്ന് തിരഞ്ഞ് പിന്നെ അകം താളില്‍ കയ്യൊപ്പു ചാര്‍ത്തി എനിക്കു സമ്മാനിച്ച ആ പുസ്തകത്തേയും.....................”!!!!! നന്ദി എന്ന ഭംഗി വാക്കിനാല്‍ ഞാനെന്തിനാ ആത്മാര്‍ഥതയ്ക്ക് അടിവരയിടണം?ഈയടുത്തെങ്ങാണ്ട് ഇഞ്ചിപ്പെണ്ണിന്റെ ഒരു കമന്റ് കണ്ടു. “എന്റെ ദൈവമേ കൈപ്പള്ളി ചിരിക്കുമോ” എന്ന്!!!! ഏഷ്യാനെറ്റില്‍ യുനികോഡ് ബൈബിളിനെ കുറിച്ചു പറയുമ്പോ കൈപ്പള്ളി ചിരിച്ചു എന്നാരാണ്ടോ കമന്റിട്ട് കണ്ടപ്പോ വന്ന പ്രതികരണം......!! ഇഞ്ചീ ആത്മാര്‍ഥതയുള്ള ചിരി കാണണേല്‍ കൈപ്പള്ളിയുടെ ചിരി തന്നെ കാണണം. തിരിച്ചു വരാന്‍ ഷാര്‍ജാ എയര്‍പ്പോര്‍ട്ടിലേക്ക് വരും നേരം ഖിസൈസിലിട്ട് എന്നെ ഓടിച്ചിട്ട് പിടികൂടി അദ്ദേഹം! ദുബായ് എയര്‍പ്പോര്‍ട്ടില്‍ തിരക്കേറിയ ജോലിക്കിടയിലൂം (ചെല്ലന് ദുഫായ് ഏര്‍പ്പോര്‍ട്ടിലല്ലേട്ടോ ജോലി) ഒരു സ്നേഹ സന്ദര്‍ശനത്തിനു സമയം കണ്ടെത്തിയ കൈപ്പള്ളി സുന്ദരമായ ഒരു പ്രസ്താവനയും നടത്തി.... “ബ്ലോഗില്‍ കൈപ്പള്ളിയല്ലാ കൈപ്പള്ളി ഒറിജിനല്‍...അങ്ങേര് ആളു വേറെയാ....” എന്ന്! ഉവ്വ് അങ്ങേരു ആളു വേറെയാ.....നല്ല ഭംഗിയായി ചിരിക്കുന്ന, എഴുത്തില്‍ കാണുന്ന തിരോന്തരം (?) സ്ലാങ്ങ് തെല്ലുമില്ലാതെ വളരെ മൃദുവായി മലയാളം സംസാരിക്കുന്ന കൈപ്പള്ളി! അപ്പാ...അതൊരു തിരിച്ചറിവായിരുന്നേയ്. (കൈപ്പള്ളി എന്ന പേരു കേള്‍ക്കുമ്പോള്‍ മനസ്സിലോടിയെത്തുന്ന പുട്ടുകുറ്റി ലെന്‍സിട്ട കാമറ കൂടെക്കണ്ടില്ലല്ലോ എന്നൊരു കുറവു മാത്രം പറയാം)

പിന്നെ ഷാര്‍ജ, അബുദാബി റാസല്‍ഖൈമ ഇടയ്ക്കെപ്പൊഴോ ദുബായ്..... ഓട്ടപ്രദക്ഷിണത്തിനിടയില്‍ പലപ്പോഴും ടെലഫോണിലൂടെ സ്നേഹത്തിന്റെ കസവുമുണ്ട് പുതപ്പിച്ച ദേവഗുരു.........കാണാന്‍ കഴിഞ്ഞില്ലെങ്കിലും ശബ്ദരുപികളായി വന്ന് സ്വാഗതമോതിയ കുറുമാന്‍, സിദ്ധാര്‍ഥന്‍......എന്റെ മാത്രം കുറ്റം കൊണ്ട് ബന്ധപ്പെടാന്‍ കഴിയാതിരുന്ന മറ്റു യൂ ഏ ഈ ബ്ലോഗ്ഗേര്‍സ്...എല്ലാവര്‍ക്കും ഹൃദയം കൊണ്ട് സലാം!!!!!


ദേവ ഗുരോ.......ആ മുണ്ട് എനിക്കവകാശപ്പെട്ടതാ, എന്നെങ്കിലും ഞാനത് വാങ്ങും...ഉറപ്പായിട്ടും......

Labels: , , ,